വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് പാര്‍ലമെന്റിന്റെ ധന-സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി. ഇനി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇതേ നിര്‍ദ്ദേശം നേരത്തെ നിയമകാര്യ സമിതിയും സര്‍ക്കാറും തള്ളിയിരുന്നു.

വിദേശികളില്‍ നിന്ന് റെമിറ്റന്‍സ് ടാക്സ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്നാണ് സാമ്പത്തികകാര്യ സമിതിയുടെ നിഗമനം. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് നിയമകാര്യ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം നേരത്തെ മന്ത്രിസഭ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് പാര്‍ലമെന്റില്‍ വാദമുയര്‍ന്നിരുന്നത്. കുവൈത്ത് കേന്ദ്ര ബാങ്കും ഇത്തരമൊരു നീക്കം നേരത്തെ എതിര്‍ത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സാമ്പത്തികകാര്യ സമിതിയുടെ നീക്കം.