അംഗര കാർ ലേല പദ്ധതിയുടെ ഭാഗമായി ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഉപയോഗിച്ച വാഹനങ്ങളുടെ വ്യാപാരത്തിന് കൂടുതൽ ഓർഗനൈസ്ഡ് സംവിധാനമൊരുക്കുന്നതിനായി പൊതുമരാമത്ത് മന്ത്രാലയം പുതിയ നടപടികളിലേക്ക്. അംഗര കാർ ലേല പദ്ധതിയുടെ ഭാഗമായി ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നു. സാങ്കേതികവും സാമ്പത്തികമായും ഏറ്റവും യോജിച്ചതായ നിർദേശങ്ങൾ സമർപ്പിക്കുന്ന കമ്പനിക്ക് കരാർ നൽകാനാണ് സർക്കാർ ആലോചന നടത്തുന്നത്.
പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി, യോഗ്യതയുള്ള കമ്പനികളുമായി ആശയവിനിമയം നടത്തണമെന്ന് സെൻട്രൽ ടെൻഡർ ബ്യൂറോയ്ക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്കു കരാർ നൽകി നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും.
'ഹറാജ് പ്രോജക്ട്' എന്നറിയപ്പെടുന്ന ഈ വലിയ പദ്ധതി, നിലവിൽ റെസിഡൻഷ്യൽ മേഖലകളിൽ നിയന്ത്രണമില്ലാതെ നടക്കുന്ന സെക്കൻഡ് ഹാൻഡ് കാറുകളുടെ വ്യാപാരം ഒരു സംഘടിത, സുരക്ഷിത പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്നതാണു ലക്ഷ്യം.
പദ്ധതി നടപ്പാക്കുന്നത് അംഗരയിലെ 121,600 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്താണ്. പ്രദർശന ഹാളുകൾ, പാർക്കിംഗ് സൗകര്യങ്ങൾ, ആന്തരിക റോഡുകൾ, മഴവെള്ള നീക്കുന്നതിനുള്ള സംവിധാനങ്ങൾ, മലിനജല സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്. ഈ പ്രൊജക്ട് പൂർത്തിയായാൽ, കുവൈത്തിലെ വാഹന വിപണിക്ക് പുതിയ രൂപവും സ്ഥിരതയും ലഭിക്കുമെന്നാണ് പ്രതീക്ഷ.
