കുവൈത്തിൽ വണ്ടിയിൽ 48 കുപ്പി വ്യാജമദ്യവുമായി ഏഷ്യക്കാരനായ യുവാവ് പിടിയിൽ. കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോളിംഗിനിടെ വാഹനം ഓടിച്ചിരുന്ന പ്രതിയുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ബ്നെയ്ദ് അൽ ഖാറിൽ വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഏഷ്യൻ വംശജനെ തലസ്ഥാന സുരക്ഷാ ഡയറക്ടറേറ്റിന്റെ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോളിംഗിനിടെ വാഹനം ഓടിച്ചിരുന്ന പ്രതിയുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പട്രോളിംഗ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളുടെ വാഹനത്തിൽ നടത്തിയ താൽക്കാലിക പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 48 കുപ്പി വ്യാജമദ്യം കണ്ടെത്തുകയും ചെയ്തു. സ്വന്തം വീട്ടിലാണ് മദ്യം നിർമ്മിച്ചിരുന്നതെന്നും ഒരു കുപ്പിക്ക് 10 കുവൈത്തി ദിനാർ നിരക്കിലാണ് ഉപഭോക്താക്കൾക്ക് വിറ്റിരുന്നതെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന് കൈമാറി.
കുവൈത്തിൽ വൻ വ്യാജ ഉൽപ്പന്ന വേട്ട
വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനായി നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി, കുവൈത്ത് കാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്ന് വൻതോതിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും തംബാക്കും വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. വാണിജ്യ നിയന്ത്രണ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഇൻസ്പെക്ഷൻ ടീമുകൾ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഗോഡൗണിൽ റെയ്ഡ് നടത്തിയത്. പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 1,500 പാക്കറ്റോളം കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ, ഡിറ്റർജന്റുകൾ എന്നിവയും 1.32 ടൺ തംബാക്കുമാണ് അധികൃതർ പിടിച്ചെടുത്തത്.


