കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി രണ്ട് പ്രവാസി യുവാക്കള്‍ പിടിയില്‍. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ ക്രിസ്റ്റൽ മെത്തുമായി (മെത്താംഫെറ്റാമൈൻ) രണ്ട് അറബ് പൗരന്മാരെ പിടികൂടി. അൽ-ഹസാവി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ തടയാൻ ശ്രമിച്ചപ്പോഴാണ് ലഹരിക്കടത്ത് പുറത്തായത്.

പ്രതികളിൽ ഒരാൾ കൈവശമുണ്ടായിരുന്ന എട്ട് ചെറിയ പാക്കറ്റ് ക്രിസ്റ്റൽ മെത്ത് അടങ്ങിയ ബാഗ് ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇത് കണ്ടെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ, ഒരാൾ മറ്റേയാൾക്ക് ലഹരിമരുന്ന് വിൽപന നടത്തിയതായി സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും ലഹരിമരുന്ന് ഉപയോഗിക്കാനാവശ്യമായ ഉപകരണങ്ങളും മറ്റ് മയക്കുമരുന്ന് പദാർത്ഥങ്ങളും കണ്ടെത്തി. പിടിയിലായവർ ലഹരിക്ക് അടിമകളാണെന്നും വിൽപന നടത്തുന്നവരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ശേഖരവും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.