കുവൈത്തിലെ ഫിന്റാസില്‍ പ്രവാസി യുവതിയും ഭര്‍ത്താവും ചേര്‍ന്ന് നവജാത ശിശുവിനെ ഫ്രിഡ്‍ജില്‍ ഒളിപ്പിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ഒരു വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ നിന്ന് (Refrigerator) നവജാത ശിശുവിന്റെ മൃതദേഹം (Dead body of new born baby) കണ്ടെത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഫിന്റാസില്‍ (Fintas) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഈജിപ്‍ഷ്യന്‍ സ്വദേശിയായ പ്രവാസി യുവതിയാണ് (Expat woman) അവരുടെ വീട്ടില്‍ വെച്ച് പ്രസവിച്ചത്. എന്നാല്‍ പ്രസവ ശേഷം ശാരീരിക അസ്വാസ്ഥ്യമുണ്ടായിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു.

പ്രസവിച്ചപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഫ്രിഡ്‍ജില്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് ഇവര്‍ നല്‍കിയ മൊഴി. സ്ഥലത്തില്ലായിരുന്നുവെങ്കിലും ഭര്‍ത്താവിന്റെ അറിവോടെയാണ് യുവതി പ്രസവിച്ചതെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. അധികൃതരെ അറിയിക്കാതെ മൃതദേഹം ഫ്രിഡ്‍ജിനുള്ളില്‍ സൂക്ഷിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ഇത്തരമൊരു തീരുമാനത്തിലേക്ക് യുവതിയെയും ഭര്‍ത്താവിനെയും എത്തിക്കാനുള്ള സാഹചര്യത്തെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞ് ജനന സമയത്ത് തന്നെ മരിച്ചതാണോ എന്ന് പരിശോധിക്കാനായി കുഞ്ഞിന്റെ മൃതദേഹം ഫൊറന്‍സിക് വിഭാഗത്തിന് കൈമാറുകയും ചെയ്‍തു