കുവൈത്ത് സിറ്റി: അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തിരുന്ന നാല് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. അല്‍ ഖുസൗറിലായിരുന്നു സംഭവം. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

ബാഗുമായി നടന്നുപോവുകയായിരുന്ന ഒരാള്‍ മുബാറക് അല്‍ കബീറിലെ സെക്യൂരിറ്റി പട്രോളിങ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇയാളുടെ അടുത്തേക്ക് ചെന്നതോടെ ബാഗ് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നാല് കുപ്പി മദ്യമായിരുന്നു ഇയാളുടെ ബാഗിലുണ്ടായിരുന്നത്.

മദ്യക്കുപ്പികള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താനായി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യനിര്‍മാണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു. 210 ബാരലുകളിലായി സൂക്ഷിച്ചിരുന്ന മദ്യവും മൂന്ന് ഡിസ്റ്റിലേഷന്‍ ഉപകരണങ്ങളും മറ്റ് സാധനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.