ഗാസയിലേക്കുള്ള കുവൈത്തിന്‍റെ 14-ാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. 10 ടൺ ഭക്ഷ്യവസ്തുക്കൾ എത്തിക്കും. സാമൂഹിക കാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കുവൈത്ത് വ്യോമസേനയെ പ്രതിനിധീകരിക്കുന്ന പ്രതിരോധ മന്ത്രാലയം എന്നിവയുടെ ഏകോപനത്തോടെയാണിത്.

കുവൈത്ത് സിറ്റി: പലസ്തീനിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്ന 'കുവൈത്ത് ബൈ യുവർ സൈഡ്' എന്ന മാനുഷിക പ്രചാരണത്തിന്‍റെ ഭാഗമായി കുവൈത്ത് എയർലിഫ്റ്റിന്റെ രണ്ടാം ഘട്ടത്തിലെ 14-ാമത്തെ ദുരിതാശ്വാസ വിമാനം ഞായറാഴ്ച രാവിലെ പുറപ്പെട്ടു. 10 ടൺ ഭക്ഷ്യസഹായവുമായി പുറപ്പെട്ട വിമാനം ഈജിപ്തിലെ അൽ-അരീഷ് വിമാനത്താവളത്തിലേക്ക് പോയി. അവിടെ നിന്ന് സഹായം ഗാസ മുനമ്പിൽ എത്തിക്കും.

അബ്ദുല്ല അൽ മുബാറക് എയർ ബേസിൽ നിന്ന് പുറപ്പെട്ട ഈ വിമാനം, കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി കുവൈത്തി ചാരിറ്റബിൾ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന 'ഫസ്സ ഫോർ ഗാസ' (Fazza for Gaza) എന്ന കാമ്പയിന്‍റെ ഭാഗമാണ്. സാമൂഹിക കാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കുവൈത്ത് വ്യോമസേനയെ പ്രതിനിധീകരിക്കുന്ന പ്രതിരോധ മന്ത്രാലയം എന്നിവയുടെ ഏകോപനത്തോടെയാണ് ഈ സഹായ വിതരണം നടക്കുന്നത്.