Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവന ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ ബജറ്റ് കമ്മി നികത്താനും എണ്ണ ഇതര വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Kuwait set to raise fees for government services for expats
Author
First Published Sep 11, 2022, 10:52 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുകയെന്നും സേവനങ്ങളുടെ സ്വാഭാവം പരിഗണിച്ച് ഈ നിരക്കുകള്‍ നിജപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന നിരക്കും സ്വദേശികളില്‍ നിന്ന് കുറഞ്ഞ നിരക്കുമായിരിക്കും സേവനങ്ങള്‍ക്ക് ഈടാക്കുക. രാജ്യത്തെ ബജറ്റ് കമ്മി നികത്താനും എണ്ണ ഇതര വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഇതിനായുള്ള  സേവനങ്ങളുടെ പട്ടിക ഓരോ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും  തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഏകദേശം 46 ലക്ഷം വരുന്ന കുവൈത്തിന്റെ ആകെ ജനസംഖ്യയില്‍ 69 ശതമാനവും വിദേശികളാണെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read also:  പ്രവാസികള്‍ക്ക് തിരിച്ചടി; കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

നിലവില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരേ നിരക്കിലുള്ള സര്‍വീസ് ചാര്‍ജുകളാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പ്രവാസികള്‍ക്ക് സ്വദേശികളില്‍ നിന്ന് വ്യത്യസ്‍തമായ നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വര്‍ദ്ധനവ് ഏത് തരത്തിലായിരിക്കുമെന്ന കാര്യത്തില്‍ സൂചനകളൊന്നുമില്ല. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും വിദേശികളാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതെന്നും അത് നിയന്ത്രിക്കണമെന്നുമുള്ള വാദം നേരത്തെ തന്നെ കുവൈത്തില്‍ ശക്തമാണ്.

Read also:  പ്രവാസി നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍; നിരവധിപ്പേര്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios