വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ദൃഢനിശ്ചയം കുവൈത്ത് വീണ്ടും ആവർത്തിച്ചു. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും സമൂഹികമായ വളർച്ചയുടെയും ഭാഗമായാണ് ഈ നയം മുന്നോട്ട് വെച്ചത്.

വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് കുവൈത്ത് ട്രേഡ് യൂണിയൻസ് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ജനീവയിൽ ജൂൺ 2 മുതൽ 13 വരെ നടന്ന 113-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിന്റെ ഫോളോഅപ്പ് ചർച്ചകൾക്കായി യോഗം വിളിച്ചുചേർത്തതായിരുന്നു. 187 രാജ്യങ്ങളിൽ നിന്നുള്ള തൊഴിലുടമകളും തൊഴിലാളികളും ഉൾപ്പെടുന്ന പ്രതിനിധി സംഘങ്ങൾ ഈ അന്താരാഷ്ട്ര സംഗമത്തിൽ പങ്കെടുത്തിരുന്നു. കുവൈത്തിലെ തൊഴിൽ അവകാശ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിവിധ ഭരണതലങ്ങളിലെയും സ്ഥാപനങ്ങളിലെയും സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യം യോഗത്തിൽ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയ നിയമമാറ്റങ്ങൾ, അവകാശപരമായ പ്രവർത്തനങ്ങൾ, ആധുനിക തൊഴിൽ മാനദണ്ഡങ്ങൾ എന്നിവ നടപ്പാക്കുന്നതിൽ കുവൈത്ത് ആകൃശ്യമായ സമീപനം സ്വീകരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.