കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നടത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി നടന്ന മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇപ്പോള്‍ കുവൈത്തില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരികെ പോകാനാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള അനുമതി.

മലയാളികളക്കം കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികളുണ്ട്.  ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നേരത്തെ യുഎഇയില്‍ നിന്ന് ഫ്ലൈ ദുബായ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അനുമതി കിട്ടാത്തതിനാല്‍ റദ്ദാക്കുകയായിരുന്നു.