കരിമ്പട്ടികയിൽ ചേർത്ത് ഭാവിയിൽ രാജ്യപ്രവേശനം നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു

കുവൈത്ത് സിറ്റി: കനത്ത ലഹരിയിൽ അവശ നിലയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളെ കുവൈത്തിൽ അൽ വഹ മേഖലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പ്രവാസികളെ നിയമങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും കരിമ്പട്ടികയിൽ ചേർത്ത് ഭാവിയിൽ രാജ്യപ്രവേശനം നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു.

രാത്രി വൈകിയ സമയത്ത് തൻ്റെ വീടിന് മുമ്പിൽ അജ്ഞാതരായ രണ്ട് പേർ ഏറെ നേരത്തോളം സംസാരിക്കുകയും ഒച്ചവയ്ക്കുകയും കണ്ട ഒരു കുവൈത്തി പൗരൻ ഇവരോട് കാര്യം തിരക്കാൻ ചെന്നപ്പോൾ ഇരുവരും ലഹരിയിൽ അവശനിലയിലായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു.

പബ്ലിക് സെക്യൂരിറ്റി വിഭാഗം ഉടൻ തന്നെ സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ, മദ്യം പ്രാദേശികമായി നിർമ്മിച്ചതാണ് എന്നും അവർ അത് കുടിച്ചതായി സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ലഹരിമദ്യ ഉപയോഗം സംബന്ധിച്ച കർശന നിയമങ്ങൾ നിലനിൽക്കുന്ന കുവൈത്തിൽ, ഇത്തരം സംഭവങ്ങൾ സാമൂഹ്യ സുരക്ഷയ്ക്കു നേരെയുള്ള വലിയ ഭീഷണിയായാണ് അധികൃതർ കാണുന്നത്.