പരിശോധനയില്‍ ലൈസൻസില്ലാത്ത ഒരു ക്ലിനിക്ക് കണ്ടെത്തുകയും അവിടെ ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുകളും സൂക്ഷിച്ചിരുന്നതായും കണ്ടെത്തുകയുമായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായി ക്ലിനിക്ക് നടത്തിയ ആറു പേരെ നാടുകടത്തും. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം തൊഴിൽ വിപണിയിലും ആരോഗ്യ സംരക്ഷണ മേഖലയിലും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സാൽമിയയിലെ ഒരു സ്വകാര്യ മെഡിക്കൽ ക്ലിനിക്കിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഈ ഓപ്പറേഷനിൽ, ലൈസൻസില്ലാത്ത ഒരു ക്ലിനിക്ക് കണ്ടെത്തുകയും അവിടെ ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുകളും സൂക്ഷിച്ചിരുന്നതായും കണ്ടെത്തുകയുമായിരുന്നു.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സംഭരണ നിയമലംഘനങ്ങളും ഇവർ നടത്തിയിരുന്നതായി അധികൃതർ അറിയിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, ആറ് പേരെ നാടുകടത്തുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പൊതുക്രമം ലംഘിക്കുകയോ ജീവന് ഭീഷണിയുണ്ടാക്കുകയോ ചെയ്യുന്ന ആർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
