വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ ഉള്ളടക്കമുള്ള വീഡിയോ പ്രചരിപ്പിച്ച കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്. അറസ്റ്റിലായ വ്യക്തി ബോധപൂർവം സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളെ ലക്ഷ്യം വെക്കുകയും പ്രചരിച്ച വീഡിയോ ക്ലിപ്പിൽ പരസ്യമായ അവജ്ഞയും പരിഹാസവും പ്രകടിപ്പിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ.
ദേശീയ ഐക്യം തകർക്കാനുള്ള നേരിട്ടുള്ള ശ്രമമായി ഇതിനെ കണ്ട അധികൃതര്‍, വീഡിയോ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയ ഉടൻ തന്നെ അതിവേഗം നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ദേശീയ ഐക്യത്തെ ഭീഷണിപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
