വനിതാ ഡോക്ടറുമായുള്ള തര്‍ക്കത്തിനിടെ തനിക്ക് മര്‍ദനമേറ്റെന്ന പരാതിയുമായി അധ്യാപിക പൊലീസിനെ സമീപിച്ചു.

കുവൈത്ത് സിറ്റി: ചികിത്സയ്‍ക്കിടെ ദന്ത ഡോക്ടര്‍ (Dentist) മര്‍ദിച്ചെന്ന പരാതിയുമായി അധ്യാപിക പൊലീസിനെ സമീപിച്ചു (Filed complaint). കുവൈത്തിലെ ജഹ്റയിലാണ് (Jahra) സംഭവം. വനിതാ ഡോക്ടറുമായുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പരാതിയില്‍ പറയുന്നു. ചുണ്ടിലും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റത് (Injuries) തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും (Medical report) ഇവര്‍ ഹാജരാക്കി.

ജഹ്റ ഗവര്‍ണറേറ്റിലെ ഒരു ക്ലിനിക്കില്‍ ചികിത്സയ്‍ക്കെത്തിയ താനും വനിതാ ഡോക്ടറുമായി തര്‍ക്കമുണ്ടായെന്നും ഇതിനൊടുവില്‍ കുവൈത്തി ഡോക്ടര്‍ തന്നെ മര്‍ദിച്ചുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം വേണമെന്നാണ് മര്‍ദനമേറ്റ യുവതിയുടെ ആവശ്യം. ക്ലിനിക്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്‍തു. വനിതാ ഡോക്ടര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിട്ടുണ്ട്.

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് തൊയക്കാവ് അമ്പലത്ത് വീട്ടില്‍ നിയാസ് (32) ആണ് മരിച്ചത്. വ്യാഴാഴ്‍ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ ഷഫിയും ആറും മൂന്നും വയസുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്. 10 വര്‍ഷമായി പ്രവാസിയായ അദ്ദേഹം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പിതാവ് - അബ്‍ദുല്‍ അസീസ്. മാതാവ് - നൂര്‍ജഹാന്‍. സഹോദരങ്ങള്‍ - നവാസ്, നസീമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.