കുവൈത്തിയായ എൻജിനിയർ ലാമ അൽ അരിമാനാണ് നാസയില്‍ നിന്നും ക്ഷണം ലഭിച്ചത്

കുവൈത്ത് സിറ്റി: കുവൈത്ത് വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കുവൈത്തിയായ എൻജിനിയർ ലാമ അൽ അരിമാന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പ്രത്യേക ക്ഷണത്തിൽ ആക്സിയോം 4 ദൗത്യം നേരിൽ കാണാനുള്ള അപൂർവ അവസരം ലഭിച്ചു.

ജൂൺ 25ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിച്ച ആക്സിയോം 4 ദൗത്യം നേരിൽ കാണാൻ ലാമയ്ക്ക് അവസരം ലഭിച്ചത് അവരുടെ കരിയറിൽ പുതിയ അധ്യായമായിത്തീരുന്നു. നാസയിലെയും ആക്സിയോം സ്പേസിലെയും വിദഗ്ധരുമായി നേരിട്ട് ആശയവിനിമയം നടത്താനും ബഹിരാകാശ ഗവേഷണ പരിപാടികളിൽ കൂടുതൽ ഉൾപ്പെട്ടുള്ള അനുഭവം സമ്പാദിക്കാനും ഈ ക്ഷണം വഴിയൊരുക്കിയിട്ടുണ്ട്.

“ബഹിരാകാശം എന്നത് കുവൈത്തിന് വിദൂര സ്വപനം ആയിരുന്നുവെങ്കിൽ, ഇനിയത് കൈവെക്കാവുന്ന ലക്ഷ്യമായിത്തീർന്നിരിക്കുന്നു,” എന്നായിരുന്നു ലാമയുടെ ആവേശഭരിതമായ പ്രതികരണം. ഇത്തരം ആഗോളദൗത്യങ്ങളിൽ വ്യക്തിപരമായ ക്ഷണം ലഭിക്കുന്നത് വലിയ അംഗീകാരമാണ്. ബഹിരാകാശ രംഗത്തെ പങ്കാളിത്തത്തിൽ കുവൈത്തിന്റെ കാൽവെപ്പാണിത്,” ലാമയുടെ ഈ പങ്കാളിത്തം കുവൈത്തിലെ യുവജനങ്ങളുടെയും വനിതകളുടെയും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലേക്കുള്ള തിരിച്ചുവരവ് പ്രചോദിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.