വീട്ടുജോലിക്കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. നേരത്തെ പ്രതിയുടെ സഹോദരനും വിദേശിയായ ഭാര്യയും കൊലപാതകം മറച്ചുവെച്ചതിന് കുറ്റക്കാരാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.
കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഒരു പൗരന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഗാര്‍ഹിക തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം സാദ് അൽ-അബ്ദുള്ളയിലെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി സൈക്യാട്രിക് ആശുപത്രിയിലേക്ക് അയച്ച ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
കൊലപാതകം മറച്ചുവെച്ചതിനും അധികാരികളെ അറിയിക്കാത്തതിനും പ്രതിയുടെ പിതാവ്, സഹോദരൻ, വിദേശിയായ ഭാര്യ എന്നിവർക്ക് ഒരു വർഷം കഠിന തടവും കോടതി ശിക്ഷയായി വിധിച്ചു. നേരത്തെ പ്രതിയുടെ സഹോദരനും വിദേശിയായ ഭാര്യയും കൊലപാതകം മറച്ചുവെച്ചതിന് കുറ്റക്കാരാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. പ്രതിയെയും മറ്റ് ചിലരെയും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്തതിനും മരിച്ചയാളോടുള്ള ബഹുമാനം കാണിക്കാത്തതിനും കസ്റ്റഡിയിൽ വെക്കാൻ ഉത്തരവിട്ടിരുന്നു. അതേസമയം ഈദ് അൽ-ഫിത്റിന്‍റെ ആദ്യ ദിവസം മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ഒക്ടോബർ 13-ലേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകർ വാദം കേൾക്കുന്ന മുറിയിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്നാണ് പുതിയ അഭിഭാഷകനെ നിയമിക്കാൻ കോടതി തീരുമാനിച്ചത്.


