കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി സാമൂഹികകാര്യ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം സ്വദേശികള്‍. സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രത്യേക സൊസൈറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം മന്ത്രാലയത്തിന് അപേക്ഷ നല്‍കുമെന്ന് ഇവരുടെ പ്രതിനിധികള്‍ അറിയിച്ചു. പേരോ വിവരങ്ങളോ വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രതിനിധികളെ ഉദ്ധരിച്ച് അല്‍ റായി പത്രമാണ് കഴിഞ്ഞദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

30 സ്വദേശികള്‍ ചേര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ചത്. നേരത്തെതന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവെന്നും 'ലിബര്‍ട്ടി' എന്ന പേരില്‍ സൊസൈറ്റിക്ക് ലൈസന്‍സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കാന്‍ തീരുമാനിച്ചുവെന്നും ഇവരുടെ പ്രതിനിധികള്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് പൊതുസമൂഹത്തിനും സ്വവര്‍ഗാനുരാഗികള്‍ക്കിടയിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി രൂപീകരിക്കുന്നത്. സ്വവര്‍ഗാനുരാഗികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും ഉപദ്രവിക്കപ്പെടുന്ന സ്വവര്‍ഗാനുരാഗികളെ സഹായിക്കാന്‍ സന്നദ്ധതയുമുള്ള മറ്റുള്ളവരെയും സൊസൈറ്റിയില്‍ അംഗങ്ങളാക്കും. 2007ലും ഇതേ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചെങ്കിലും അന്ന് നിരസിക്കപ്പെടുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളുടെ കാര്യത്തിലുണ്ടായ അവബോധത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പ്രതീക്ഷയുണ്ടെന്നും ഇവര്‍ പറയുന്നു.