കുവൈത്ത് സിറ്റി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കുവൈത്തിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം. പാര്‍ലമെന്റിന്റെ മാനവ വിഭവശേഷി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഖലീല്‍ അല്‍ സാലെയാണ് ഇത് സംബന്ധിച്ച കരട് നിര്‍ദേശം പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി അവതരിപ്പിച്ചത്. വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും വരുമാന സ്രോതസുകളുടെ വൈവിദ്ധ്യവത്കരണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം പ്രവാസികള്‍ പ്രതിവര്‍ഷം 420 കോടിയിലധികം ദിനാറാണ് അവരവരുടെ നാടുകളിലേക്ക് അയക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒന്നിലധികം ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ലോകത്ത് പലയിടത്തും ഇത്തരം നികുതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവിടെയൊന്നും പ്രവാസികള്‍ അതിനെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പണം രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നത് അപകടകരമാണെന്നും സാമ്പത്തിക രംഗത്ത് നേരിട്ടുള്ള പ്രത്യാഘാതമുണ്ടാക്കുമെന്നും അല്‍ സാലേ പറഞ്ഞു.

പണമയക്കുന്നതിന് നാമമാത്രമായ ഫീസ് ഏര്‍പ്പെടുത്തുന്നത് പ്രവാസി സഹോദരങ്ങളെ ദ്രോഹിക്കുന്നതാവില്ല. അതേസമയം രാജ്യത്തിന് ഗുണമുണ്ടാവുകയും ചയ്യും. 420 കോടിയിലധികം ദിനാര്‍ പ്രതിവര്‍ഷം പുറത്തേക്ക് പോകുന്ന സാഹചര്യത്തില്‍ ഇത് നിര്‍ബന്ധമാണ്. 46 ലക്ഷമുള്ള കുവൈത്തിലെ ജനസംഖ്യയില്‍33 ലക്ഷവും പ്രവാസികളാണ്. ജനസംഖ്യയിലെ ഈ അസന്തുലിതാവസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കുവൈത്തിലെ നിരവധി പ്രമുഖര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.