കുവൈത്തിൽ വൻ ഇലക്ട്രോണിക് തട്ടിപ്പിനിരയായി പ്രവാസി. തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ അഞ്ച് തവണകളായി മൊത്തം 3,820 കുവൈത്തി ദിനാർ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇലക്ട്രോണിക് തട്ടിപ്പിന് ഇരയായ പ്രവാസിക്ക് തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് വൻ തുക. ഹവല്ലി പൊലീസ് സ്റ്റേഷനിൽ ഇറാൻ പൗരനാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ അഞ്ച് തവണകളായി മൊത്തം 3,820 കുവൈത്തി ദിനാർ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
ബാങ്ക് രേഖകൾ തിരുത്തി എന്ന കുറ്റമാണ് കേസിൽ ചുമത്തിയിരിക്കുന്നത്. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംഭവം ഉടൻതന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാണിജ്യകാര്യ പ്രോസിക്യൂഷനിൽ പരാതിക്കാരനെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം, കേസ് കൂടുതൽ അന്വേഷണത്തിനായി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി. തട്ടിപ്പിന്‍റെ ഉറവിടം കണ്ടെത്താനും കുറ്റവാളിയെ തിരിച്ചറിയാനും വേണ്ടി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉറവിടം കണ്ടെത്താനായി അത്യാധുനിക ഡിജിറ്റൽ ഫോറൻസിക് ഉപകരണങ്ങൾ ഉപയോഗിച്ച് സമഗ്രമായ അന്വേഷണം നടത്താൻ അധികൃതർ സിഐഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


