കൊറോണറി ആർട്ടറി ബൈപാസ് സർജറി വിജയകരമായി പൂർത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റൽ വൈദ്യശാസ്ത്ര രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചു. കൊറോണറി ആർട്ടറി ബൈപാസ് സർജറി വിജയകരമായി പൂർത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ശസ്ത്രക്രിയകൾ 100 ശതമാനം വിജയമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കാർഡിയാക് സർജറി കൺസൾട്ടന്‍റും ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. മുഹമ്മദ് മിഷാൽ അൽ അയ്യാറിന്റെ നേതൃത്വത്തിലുള്ള ഒരു മെഡിക്കൽ ടീമാണ് നിരവധി രോഗികളിൽ ഈ ശസ്ത്രക്രിയകൾ നടത്തിയത്. ഈ ശസ്ത്രക്രിയ കുവൈത്തിൽ ഇത്തരത്തിൽ ആദ്യത്തേതാണെന്ന് സർജിക്കൽ ടീമിന്റെ തലവൻ കൂടിയായ ഡോ. മുഹമ്മദ് അൽ അയ്യാർ സ്ഥിരീകരിച്ചു.
പുതിയ ശസ്ത്രക്രിയാ രീതി പരമ്പരാഗത കൊറോണറി ആർട്ടറി ബൈപാസ് സർജറിയിൽ നിന്ന് വ്യത്യസ്തമാണെന്ന് ഡോ. അൽ-അയ്യാർ വിശദീകരിച്ചു. മുൻപ് നെഞ്ച് പൂർണ്ണമായി തുറന്നുള്ള ശസ്ത്രക്രിയകളായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ പുതിയ രീതിയിൽ, നെഞ്ചിന്റെ ഇടതുവശത്ത് 5 സെന്റീമീറ്ററിൽ കൂടാത്ത ചെറിയ മുറിവുണ്ടാക്കിയാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇത് നേരിട്ടുള്ള ശസ്ത്രക്രിയാ ഇടപെടലുകൾ കുറയ്ക്കുകയും രോഗശാന്തി വേഗത്തിലാക്കുകയും ചെയ്യും.
