വിസ്മയകാഴ്ചകളൊരുക്കാൻ ഖത്തറിൽ ലാന്റേൺ ഫെസ്റ്റിവൽ നവംബർ 27 മുതൽ. ലാന്റേണ്‍ ഫെസ്റ്റിവലിലേക്കുള്ള ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 40 ഖത്തർ റിയാലും കുട്ടികൾക്ക് 25 ഖത്തർ റിയാലുമാണ്. 

ദോഹ: പ്രകാശത്തിന്‍റെയും നിറങ്ങളുടെയും വിസ്മയകാഴ്ചകൾ കൊണ്ട് ആഘോഷമൊരുക്കാൻ ഖത്തറില്‍ ആദ്യമായി പ്ര​കാ​ശ​ത്തി​ന്റെ ഉ​ത്സ​വ​മാ​യ 'ലാന്റേൺ ഫെസ്റ്റിവൽ' വരുന്നു. ഈ ശൈത്യകാലത്ത് കല, സംസ്‌കാരം, ഭാവന എന്നിവയിലൂടെ ജനങ്ങളെ ബന്ധിപ്പിക്കാൻ ല​ക്ഷ്യ​മി​ട്ട് ദോഹയുടെ ഹൃദയഭാഗമായ അൽ ബിദ്ദ പാർക്കിൽ ഒരുക്കുന്ന ഫെസ്റ്റിവൽ ഈ വരുന്ന നവംബർ 27 മുതൽ അടുത്ത വർഷം മാർച്ച് 28 വരെ നാല് മാസം നീണ്ടുനിൽക്കും.

സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ് (എസ്.എഫ്.എസ്) ആണ് അ​ൽ ബി​ദ പാ​ർ​ക്കു​മാ​യി ചേർന്ന് കു​ട്ടി​ക​ൾ​ക്കും മുതിർന്നവർക്കും ഒ​ന്നിച്ച്​ വി​നോ​ദ-ഉ​ല്ലാ​സ ആ​ഘോ​ഷങ്ങ​ളുമായി ലാ​ന്റേ​ൺ ഫെ​സ്റ്റി​വ​ൽ സംഘടിപ്പിക്കുന്നത്. പരമ്പരാഗത ലാന്റേൺ കലയുടെ ലോകത്തിലെ മുൻനിര സ്രഷ്ടാക്കളിൽ ഒന്നായ ഹെയ്തിയൻ കൾച്ചറുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ജനങ്ങൾക്കിടയിൽ പ്ര​ത്യാ​ശ​യു​ടെ​യും ഐ​ക്യ​ത്തി​ന്റെ​യും ആ​ഘോ​ഷ​മൊ​രു​ക്കാ​ൻ ലക്ഷ്യമിട്ടൊരുക്കുന്ന ലാന്റേണ്‍ ഫെസ്റ്റിവലിൽ സന്ദർശകരെ കാത്തിരിക്കുന്നത് വൈവിധ്യമാർന്ന കാഴ്ചകളായിരിക്കും. പുരാതന ചൈനീസ് കലാരൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നൂറുകണക്കിന് ഗംഭീരവും പ്രകാശപൂരിതവുമായ ശി​ൽ​പ​രൂ​പ​ങ്ങ​ളാണ് ഫെസ്റ്റിവലിന്റെ പ്രത്യേകത. ചൈ​ന​യി​ലെ വെ​സ്റ്റേ​ൺ ഹാ​ൻ രാ​ജ​വം​ശ​ത്തി​ന്റെ(ബിസി 206–എഡി 25) കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ട​ലെ​ടു​ത്ത ലാ​ന്റേ​ൺ ഫെ​സ്റ്റി​വ​ൽ, ഇന്ന് ഏഷ്യ മുതൽ യൂറോപ്പ് വരെ ലോ​ക പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു ആ​ഗോ​ള വി​നോ​ദ ക​ലാ​രൂ​പ​മാ​യി മാറിയിട്ടുണ്ട്.

മൃഗങ്ങളുടേയും സസ്യങ്ങളുടേയും വിവിധ സാംസ്കാരിക ഐക്കണുകളുടേയും രൂപങ്ങളിൽ കൈകൊണ്ട് നിർമ്മിച്ച പ്രകാശിത ശിൽപങ്ങൾ, ഇൻഫ്ലേറ്റബിളുകൾ, ആർക്കേഡ് ഗെയിമുകൾ, കുട്ടികൾക്കായുള്ള ഗെയിമുകൾ തുടങ്ങിയവ അടങ്ങുന്ന ഫാമിലി ഫൺ സോൺ, വൈവിധ്യമാർന്ന ആഗോള ഭക്ഷണവിഭവങ്ങൾ ലഭ്യമാകുന്ന ഇന്റർനാഷണൽ ഫുഡ് കോർട്ട് എന്നിവ ഫെസ്റ്റിവലിൽ ഉണ്ടാകും.

ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുടനീളമുള്ള അതിശയകരമായ ലൈറ്റ് എക്സിബിഷനുകൾക്ക് പ്രശസ്തമാണ് പരിപാടിയുടെ സംഘാടകരായ സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ്. കൂടാതെ ഖത്തർ ബലൂൺ ഫെസ്റ്റിവൽ, വിസിറ്റ് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ, ലുസൈൽ സ്കൈ ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ ഖത്തറിലെ ഏറ്റവും ജനപ്രിയമായ ചില വിനോദ പരിപാടികളുടേയും സംഘാടകർ കൂടിയാണ്. ലാന്റേണ്‍ ഫെസ്റ്റിവലിലേക്കുള്ള ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 40 ഖത്തർ റിയാലും കുട്ടികൾക്ക് 25 ഖത്തർ റിയാലുമാണ്.