കേന്ദ്രമന്ത്രി വി മുരളീധരന്‍ പാർലമെന്റിലാണ് കണക്ക് അവതരിപ്പിച്ചത്

ദില്ലി: വിദേശത്ത് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികള്‍ വിദേശത്ത് മരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പാർലമെന്റിൽ പറഞ്ഞു. 34 രാജ്യങ്ങളിലാണ് ഈ മരണങ്ങള്‍ സംഭവിച്ചതെന്നും ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാനഡയിലാണെന്നും അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ച കണക്കില്‍ വ്യക്തമാക്കി. 

2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയില്‍ 48, റഷ്യയില്‍ 40, യുണൈറ്റഡ് സ്റ്റേറ്റ്സില്‍ 36, ഓസ്‌ട്രേലിയയില്‍ 35, യുക്രെയ്നില്‍ 21, ജർമ്മനിയില്‍ 20, സൈപ്രസില്‍ 14, ഇറ്റലി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളില്‍ 10 വീതം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകട മരണങ്ങളും സ്വാഭാവിക മരണങ്ങളം കൊലപാതകങ്ങളും ഉള്‍പ്പെടെയാണ് ഈ കണക്ക്.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. മുതിർന്ന ഉദ്യോഗസ്ഥര്‍ പതിവായി വിദേശങ്ങളിലെ കോളേജുകളും സർവകലാശാലകളും സന്ദർശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'ഒരുപാട് കഷ്ടപ്പെട്ടു, നല്ല ജോലി കിട്ടാൻ അയച്ചതാ': ഹൃദയം തകർന്ന് അമേരിക്കയിൽ കൊല്ലപ്പെട്ട വരുണിന്‍റെ കുടുംബം

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ സര്‍ക്കാരിന്‍റെ മുന്‍ഗണനകളില്‍ ഒന്നാണ്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ, കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആ രാജ്യവുമായി ആശയവിനിമയം നടത്തും. ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അടിയന്തര വൈദ്യസഹായം, യാത്രാസഹായം എന്നിങ്ങനെ സമഗ്രമായ കോൺസുലാര്‍ സൌകര്യം നല്‍കുന്നുണ്ടെന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണ നിരക്ക് കൂടുതലാണല്ലോ എന്ന ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നല്‍കിയ മറുപടി ധാരാളം വിദ്യാർത്ഥികള്‍ വിദേശത്ത് പഠിക്കാൻ പോകുന്നു എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം