മസ്ക്കറ്റ്: വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി ഒമാനില്‍ നിന്നുള്ള അവസാന സര്‍വീസുകള്‍ ഇന്ന്. രണ്ടു ഘട്ടങ്ങളിലായി 13 വിമാന സർവീസുകൾ നടത്തിയെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ കണ്ണൂരിലേക്കു പുറപ്പെട്ട വിമാനത്തിൽ 181 യാത്രക്കാരാണ് നാട്ടിലേക്ക് പോയത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് മൂന്നു വിമാന സർവീസുകളാണ് ഒമാനിൽ നിന്നുമുണ്ടാകുക. ബിഹാറിലേക്ക് ഒന്നും കേരളത്തിലേക്ക് രണ്ടു വിമാനങ്ങളുമാണ് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നത്. കൊച്ചിയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനം ഉച്ചക്ക് 1:45 നും , തിരുവന്തപുരത്തേക്കു പോകുന്ന വിമാനം വൈകുന്നേരം 3:45 ഇനും ബിഹാറിലെ ഗയയിലേക്കു പോകുന്ന എയർ ഇന്ത്യ 0974 വിമാനം 6:45നും മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടും.

വന്ദേഭാരത് മിഷന്റെ ഭാഗമായി പത്താമത്തെ വിമാന സർവീസാണ് ഇന്നലെ മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കു മടങ്ങിയത്. കണ്ണൂരിലേക്കു പുറപ്പെട്ട ഐ എക്സ് 0714 വിമാനത്തിൽ 177 മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാർ ഉണ്ടായിരുന്നു. ഇതിനകം 1818 പേർക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തിക്കാന്‍ കഴിഞ്ഞതായും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കി.