ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് രക്ഷപെടുത്തിയതായി ഒമാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്.

ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയതായി ഒമാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ദുബായില്‍ നിന്നും സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരുവാണ് അപകടത്തില്‍പ്പെട്ടത്.

റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയ 12 ഇന്ത്യക്കാരും ഹാസിക്ക് പോലീസ് സ്റ്റേഷനില്‍ സുരക്ഷിതയായി കഴിയുന്നുവെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. നിയമ രേഖകള്‍ തയ്യാറാക്കിയ ശേഷം പന്ത്രണ്ട് പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്നും എംബസ്സി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഒമാന്‍ സമയം 3:30 രക്ഷാപ്രവര്‍ത്തനം നടന്നത്. 1200 ലധികം ടണ്‍ ചരക്കുകളായിരുന്നു ഉരുവിലുണ്ടായിരുന്നത്.