റിയാദ്: വിദേശ ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന് റിയാദ് സാമ്പത്തിക ഫോറം. റിയാദില്‍ നടക്കുന്ന ത്രിദിന സാമ്പത്തിക ഫോറത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. രാജ്യത്തെ ഇടത്തരം ചെറുകിട സ്ഥാപനങ്ങളെ ലെവി ഏത് തരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം.

വിസ ഫീസും തൊഴില്‍ മേഖലയെ ബാധിച്ചിട്ടുണ്ടെന്നും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ ഫീസും പുനഃപരിശോധിക്കണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലുണ്ടാക്കിയ സ്വാധീനം എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നത്.

സാമ്പത്തിക ഫോറം വ്യാഴാഴ്ച അവസാനിക്കും. ഡോ മുഹമ്മദ് അല്‍അബ്ബാസ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിസിസി സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് അല്‍ഉംറാന്‍, അബ്ദുള്‍ മുഹ്സിന്‍ അല്‍ഫാരിസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.