1,419 ദിനാർ വിലയുള്ള ലിഥിയം ബാറ്ററികളാണ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്. മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ലായിലെ ഒരു ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സ്റ്റേഷനിൽ മോഷണം. സംഭവത്തില്‍ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് ടെക്നീഷ്യൻമാർ സ്ഥലത്തെത്തി. മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.
മുത്‌ലാ ഏരിയയിലെ ടെലികമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് കമ്പനി പ്രതിനിധി പൊലീസിനെ അറിയിച്ചു. സ്റ്റേഷനിൽ നിന്ന് മൂന്ന് ലിഥിയം ബാറ്ററികൾ മോഷണം പോയതായി കണ്ടെത്തി. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 1,419 കുവൈത്തി ദിനാറാണെന്നാണ്(KD 1,419) കമ്പനി ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി അധികൃതർ കേസ് അന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും തുടർനടപടികൾ സ്വീകരിക്കാനുമായി അന്വേഷണം ഊർജിതമാക്കി.


