മേളയില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് വെബ്‍സൈറ്റ് വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനയും ആകെ 1275 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 838 പേര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വായ്പയ്ക്കുള്ള ശുപാര്‍ശ ലഭിച്ചു.

കോഴിക്കോട്: അഞ്ചു ജില്ലകളിൽ, മൂന്ന് ദിവസം നടന്ന പ്രവാസി ലോൺ മേളയിൽ 838 സംരംഭകര്‍ക്ക് അനുമതി നല്‍കി. അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ലോണ്‍ മേളയ്ക്ക് വിജയകരമായ സമാപനം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ലോണ്‍ മേള നടത്തിയത്.

മേളയില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് വെബ്‍സൈറ്റ് വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനയും ആകെ 1275 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 838 പേര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വായ്പയ്ക്കുള്ള ശുപാര്‍ശ ലഭിച്ചു. കണ്ണൂര്‍ ജില്ലയില്‍ പങ്കെടുത്ത 251 പേരില്‍ 140 പേര്‍ക്കും, കോഴിക്കോട് 290 പേരില്‍ 164 പേര്‍ക്കും, മലപ്പുറത്ത് 343 അപേക്ഷകരില്‍ 274 പേര്‍ക്കും, പാലക്കാട് 228ല്‍ 156 പേര്‍ക്കും, തൃശ്ശൂരില്‍ 163 അപേക്ഷകരില്‍ 104 പേര്‍ക്കും എസ്.ബി.ഐ ലോണ്‍ ശുപാര്‍ശ കത്ത് നല്‍കി.

ബാങ്ക് നിര്‍ദ്ദേശിച്ച രേഖകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതനുസരിച്ച് അടുത്ത മാസത്തോടെ സംരംഭകര്‍ക്ക്‌ ലോണ്‍ ലഭ്യമാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ ലോണ്‍ വിതരണ മേള നടത്താനും തീരുമാനിച്ചിട്ടുണ്ട്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 19 ന് എസ്.ബി.എ മലപ്പുറം റീജ്യണല്‍ ഓഫീസിൽ മലപ്പുറം എം.എല്‍. എ.പി ഉബൈദുള്ള നിര്‍വഹിച്ചിരുന്നു. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമായിരുന്നു വായ്പാ മേള സംഘടിപ്പിച്ചത്. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

Read also: യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ 40 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കി; ഡയറക്ടര്‍ പിടിയില്‍