ഒമാന്‍: അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ ഒമാനിലെ ദോഫാർ, അൽ വുസ്ത പ്രദേശങ്ങളിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കുവാൻ റോയൽ ഒമാൻ പോലീസ് നിര്‍ദ്ദേശം നല്‍കി. ദോഫാർ മേഖലയിലെ ഏറ്റവും കൂടുതൽ ജനവാസമുള്ള സലാലയിൽ നിന്നും 600 കിലോമീറ്റർ അകലെയാണ് "ലുബാൻ ചുഴലിക്കാറ്റ് " ഇപ്പോൾ എത്തി നിൽക്കുന്നത്. ലഭിക്കുന്ന സൂചനകൾ അനുസരിച്ചു ലുബാൻ ദോഫാർ, അൽ വുസ്ത എന്നി ഓമന്റ തെക്കൻ മേഖലകളിലേക്കാണ് നീങ്ങുന്നത്.

കാറ്റിന്റെ ദിശ മാറി പോകാതെയോ , ദുർബലമാകാതെയോ ഇരുന്നാൽ വെള്ളിയാഴ്ച്ച ഉച്ചയോടു കൂടി സലാലയിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതായിട്ടാണ് കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇപ്പോൾ മണിക്കൂറില്‍ 119 മുതല്‍ 137 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റെന്നും വാർത്തകുറിപ്പിൽ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റിന്റെ വേഗത വർധിച്ചു കാറ്റഗറി രണ്ട് ചുഴലിക്കാറ്റ് ആയി മാറുവാന് സാദ്യത ഉള്ളതായും സിവിൽ ഏവിയേഷൻ വിഭാഗം അറിയിക്കുന്നു

ലുബാന്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ചതിന്റെ പാശ്ചാത്തലത്തില്‍ ഒമാൻ സിവില്‍ ഡിഫന്‍സ് വിഭാഗം, സിവില്‍ ഏവിയേഷന്‍ വിഭാഗം എന്നിയുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കഴിഞ്ഞു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.