എയര്‍പോര്‍ട്ടിൽ നിന്ന് വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് അടിയന്തര തീരുമാനം സ്വീകരിക്കുകയായിരുന്നു. 

മിയാമി: ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ബോധരഹിതനായി തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മിയാമിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട ജർമൻ എയർലൈൻ ലുഫ്താന്‍സയുടെ ബോയിങ് 747 വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

എൽഎച്ച് 463 വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ പൈലറ്റ് ബോധരഹിതനായതോടെ വിമാനം മോൺട്രിയലിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. പൈലറ്റ് ബോധരഹിതനായതിന് പിന്നാലെ വിമാനത്തിന്‍റെ നിയന്ത്രണം കോ-പൈലറ്റ് ഏറ്റെടുക്കുകയായിരുന്നു. ഈ സമയം വിമാനത്തിലെ ജീവനക്കാര്‍ പൈലറ്റിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പൈലറ്റ് ബോധരഹിതനായതും കാലാവസ്ഥ മോശമാകുന്നതും കണക്കിലെടുത്ത് 30,000 അടി ഉയരെ വിമാനം നോവ സ്കോട്ടിയയിലേക്ക് വഴി തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. 

തുടര്‍ന്ന് വിമാനം മോൺട്രിയലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തിന് 1,500 മൈൽ അകലെയാണിത്. പൈലറ്റ് ബോധരഹിതനായതിന് കാരണം വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും പൈലറ്റിന് അടിയന്തര മെഡിക്കല്‍ സഹായം ലഭ്യമാക്കിയെന്നും ലുഫ്താന്‍സ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ലുഫ്താന്‍സ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.