വിമാനത്തില്‍ കയറിയിരുന്ന് തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായ ശേഷം വെറുതെ പുറത്തേക്ക് നോക്കിയപ്പോഴാണ് തന്റെ ബാഗ് പുറത്തിരിക്കുന്നത് കണ്ടത്. ബാഗ് എടുക്കാതെയാണ് പോകുന്നതെന്ന് എത്ര പറഞ്ഞിട്ടും വിമാനത്തിലെ ജീവനക്കാര്‍ കേട്ടില്ലെന്ന് യാത്രക്കാരന്റെ പരാതി. മ്യൂണിക് വിമാനത്താവളത്തിലായിരുന്നു സംഭവം.

ഞായറാഴ്ച മാഞ്ചസ്റ്ററിലേക്കുള്ള ലുഫ്‍താന്‍സ വിമാനത്തില്‍ യാത്ര ചെയ്ത ഒരാളാണ് തന്റെ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ രസകരമായി പങ്കുവെച്ചത്. യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തേണ്ട സമയത്തിനും രണ്ട് മണിക്കൂര്‍ നേരത്തെയാണ് എത്തിയത്. നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി ആദ്യം വിമാനത്തില്‍ കയറിവരിലൊരാളുമായിരുന്നു. എന്നാല്‍ എല്ലാം കഴിഞ്ഞ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോള്‍ വെറുതെയൊന്ന് പുറത്തേക്ക് നോക്കി. അപ്പോള്‍ തന്റെ സ്യുട്ട്‍കെയ്സ് മാത്രം അവിടെയിരിക്കുന്നു. 

ജീവനക്കാരെ അറിയിച്ചപ്പോള്‍ അവര്‍ ഒരു തരത്തിലും സമ്മതിക്കുന്നില്ല. ഈ വിമാനത്തിലേക്കുള്ള എല്ലാ ലഗേജുകളും കയറ്റിയിട്ടുണ്ടെന്ന് തറപ്പിച്ചുപറഞ്ഞു. ദേ പുറത്തിരിക്കുന്നത് തന്റെ ബാഗാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. വിമാനത്തില്‍ ലഗേജ് കയറ്റുന്നതിനായി കൊണ്ടുവന്ന വാഹനങ്ങള്‍ക്കടുത്ത് ബാഗ് വെച്ചിരിക്കുന്ന ഫോട്ടോയും ഇയാള്‍ എടുത്തു. ഒടുവില്‍ ബാഗില്ലാതെ തന്നെ വിമാനം മാഞ്ചസ്റ്ററിലേക്ക് തിരിച്ചു. ബാഗ് വിമാനത്താവളത്തിലിരിക്കുന്നത് കണ്ടുകൊണ്ട് പറക്കുന്നത് അത്ര സുഖമുള്ള കാര്യമായിരുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തേ എത്തിയിട്ടും തന്റെ ബാഗിന് ഈ ഗതി വന്നതാണ് കൂടുതല്‍ സങ്കടം. വിമാനം ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ താന്‍ ജീവനക്കാരോട് കാര്യം പറഞ്ഞിരുന്നെന്നും അപ്പോള്‍ തന്നെ പ്രശ്നം പരിഹരിക്കാമായിരുന്നെന്നും അദ്ദേഹത്തിന്റെ ട്വീറ്റ്. 

ഒടുവില്‍ മാഞ്ചസ്റ്ററില്‍ ഇറങ്ങിയപ്പോള്‍ ബാഗ് നഷ്ടമായെന്ന് കാണിച്ച് പരാതി നല്‍കി. ബാഗ് കൈകാര്യം ചെയ്യുന്ന സംവിധാനത്തില്‍ ചില പാളിച്ചകളുണ്ടായെന്നാണ് ട്വീറ്റിന് മറുപടിയായി ലുഫ്‍താന്‍സ കുറിച്ചത്. പിന്നീട് മറ്റൊരു വിമാനത്തില്‍ ബാഗ് എത്തിച്ചുനല്‍കുകയും ചെയ്തു. ബാഗ് തിരികെ കിട്ടിയ സന്തോഷവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തന്റെ പോസ്റ്റുകള്‍ വായിച്ച് ചിരിച്ചവരോട്, നിങ്ങള്‍ക്ക് ആര്‍ക്കും സ്വന്തം ബാഗ് പുറത്തിരിക്കുന്നത് കണ്ട് പറക്കേണ്ട അവസ്ഥ ഉണ്ടാവാതിരിക്കട്ടേയെന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ.