ദുബൈ: വ്യാപാര രംഗത്തെ മികവിന് ദുബൈ ക്വാളിറ്റി പുരസ്‌കാരം റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലുവിന് ലഭിച്ചു. ദുബൈ എക്കണോമിക് ഡിപ്പാര്‍ട്‌മെന്റ് നടപ്പിലാക്കുന്ന ദുബൈ ക്വാളിറ്റി അവാര്‍ഡ്സില്‍ മികച്ച റീറ്റെയ്ല്‍ ബ്രാന്‍ഡിനുള്ള ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരമാണ് ലുലുവിന് ലഭിച്ചത്.

യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ നടന്ന ഇരുപത്തി ആറാമത് ബിസിനസ് അവാര്‍ഡിന്റെ വെര്‍ച്വല്‍ ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ.സലീം പുരസ്‌കാരം സ്വീകരിച്ചു. ദുബായ് എക്കണോമിക് ഡവലപ്പ് മെന്റ്  ഡയറക്ടര്‍ ജനറല്‍ അലി ഇബ്രാഹിം പുരസ്‌കാരം വിതരണം ചെയ്തു. ബിസിനസ് എക്‌സലന്‍സ് ഡയറക്ടര്‍ ശൈഖ അല്‍ ബിഷ്രി, ലുലു ദുബായ് ഡയറക്ടര്‍ ജയിംസ് വര്‍ഗീസ്, റീജിയണല്‍ ഡയറക്ടര്‍ കെ.പി. തമ്പാന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

യൂറോപ്യന്‍ ഫൌണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ എക്‌സെലന്‍സ് മോഡല്‍ അനുസരിച്ച് നിരവധി ഉപാധികളും വ്യവസ്ഥകളും പരിഗണിച്ച് നടത്തിയ പരിശോധനാ ക്രമത്തില്‍ വിദഗ്ധ ജൂറിയുടെ മേല്‍നോട്ടത്തിലാണ് ദുബൈ ക്വാളിറ്റി അവാര്‍ഡുകള്‍ നല്‍കുന്നത്. ദുബൈയില്‍ എല്ലായിടത്തും ഒരു പോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ വിപുലമായ റീട്ടെയില്‍ സംവിധാനം ഒരുക്കിയ പ്രസ്ഥാനം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്  പോലെ മറ്റൊന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരം.

"

 55,000 ലധികം വരുന്ന ലുലു മനുഷ്യ വിഭവ ശേഷിയുടെ ആത്മസമര്‍പ്പണത്തിന്റെയും കഠിനമായ അധ്വാനത്തിന്റെയും കര്‍മോല്‍സുകതയുടെയും ഉപഭോക്താക്കളുടെ  സ്വീകാര്യതയുടെയും പ്രതിഫലനമാണ് ഈ അഭിമാനാര്‍ഹമായ പുരസ്‌കാരമെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് എം എ സലിം പറഞ്ഞു. ശക്തമായ നേതൃത്വം, മികച്ച സംഘടനാപാടവം, ഉത്പന്നങ്ങളുടെ മൂല്യവും ഗുണനിലവാരവും ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങളില്‍ മികവ് പുലര്‍ത്തിയതിന്റെ പാരിതോഷികമാണ് ഈ പുരസ്‌കാരം. മറ്റ് വിവിധ മേഖലകള്‍ക്കും ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റുകള്‍ക്കും ദുബൈ ക്വാളിറ്റി അവാര്‍ഡ് നല്‍കുന്നുണ്ട്.