Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസ്സമായ ഉത്തരവ് പിന്‍വലിക്കണം ; പ്രധാനമന്ത്രിയോട് എം കെ രാഘവന്‍

മരണ സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൃതദേഹങ്ങള്‍ കൊണ്ടുവരരുതെന്ന് പ്രത്യേകം പരാമശിക്കുന്നെങ്കിലും കോണ്‍സുലേറ്റില്‍ നിന്നടക്കം നിയമ നടിപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്തിച്ചവരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ കേന്ദ്രങ്ങളില്‍ നിന്നും മടക്കി അയച്ചു.

M K Raghavan asked pm to Withdraw order against carrying expats dead body
Author
Delhi, First Published Apr 24, 2020, 1:44 PM IST

ദില്ലി: ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് എം കെ രാഘവന്‍ എംപി. ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു.

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് വിമാനകമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു. ഇതോടെ മലയാളികളടക്കം നിരവധി പ്രവാസികളുടെ മൃതദേഹങ്ങളാണ് മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു.

മരണകാരണം കൊവിഡല്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കരുതെന്ന നിര്‍ദ്ദേശമാണ് നിലവിലുള്ളതെന്നാണ് ഗള്‍ഫ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. കൊവിഡ് ബാധിച്ചാണ് മരണമെങ്കിൽ മൃതദേഹം കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന മാർഗ്ഗനിർദ്ദേശമാണ് ഇപ്പോൾ നിലവിലുള്ളത്. മറ്റ് കേസുകളിൽ വിലക്കില്ല എന്ന് വിദേശകാര്യമന്ത്രാലയം പറയുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയുള്ള പ്രസ്താവനയോ മാർഗ്ഗനിർദ്ദേശമോ പുറത്തിറക്കിയിട്ടില്ല.

അതിനാൽ, ആഭ്യന്തര മന്ത്രലയത്തിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി പ്രധാമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Read More: ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിലെ അനിശ്ചിതത്വം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ദുബായ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിരവധി മലയാളികളുടെ മൃതദേഹങ്ങളാണ് ഇതിനകം മടക്കി അയച്ചത്. കഴിഞ്ഞ ദിവസം കുവൈത്തിൽ മരിച്ച കോഴിക്കോട് മാവേലിക്കര സ്വദേശികളുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിരുന്നെങ്കിലും അവസാന നിമിഷം ഇന്ത്യൻ വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതായി വിമാനകമ്പനി അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios