ഷാര്‍ജ: തന്റെ പ്രതിശ്രുത വരന് സമ്മാനം നല്‍കാന്‍ സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍. ഏഷ്യക്കാരിയായ ഇവര്‍ 1000 ദിര്‍ഹമാണ് മോഷ്ടിച്ചതെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നു.

സ്പോണ്‍സുറുടെ വീട്ടില്‍ ഡ്രൈവറുടെ ജോലികൂടി ചെയ്തിരുന്നത് പിടിയിലായ സ്ത്രീയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പുറത്തുപോയിരുന്ന സമയത്താണ് കിടപ്പുമുറിയില്‍ കടന്ന് പണം കൈക്കലാക്കിയത്. പണമെടുത്ത ശേഷം പുറത്തിറങ്ങിയപ്പോള്‍ വീട്ടിലെ മറ്റൊരു ജോലിക്കാരി ഇവരെ കണ്ടുപിടിച്ചു. തുടര്‍ന്ന് വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തിരികെ വന്ന് പരിശോധന നടത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം സ്ഥിരീകരിച്ചത്. മുറിയില്‍ 50,000 ദിര്‍ഹം ഉണ്ടായിരുന്നു. ഇതില്‍ നിന്ന് 1000 ദിര്‍ഹമാണ് ഇവര്‍ മോഷ്ടിച്ചത്.

തന്റെ പ്രതിശ്രുത വരന്റെ ജന്മദിനത്തില്‍ സമ്മാനം നല്‍കാനായിരുന്നു പണം മോഷ്ടിച്ചതെന്ന് പ്രതി സമ്മതിച്ചു. തന്റെ ശമ്പളത്തില്‍ നിന്ന് ആ പണം കുറവ് ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ഇവര്‍ കോടതിയെ അറിയിച്ചു. കേസ് വിചാരണയ്ക്കായി ഏപ്രില്‍ എട്ടിലേക്ക് മാറ്റി വെച്ചിരിക്കുകയാണിപ്പോള്‍.