യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിങ് ഏജൻസിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിലെ ഏജൻസികളായ ബിഎൽഎസ് ഇന്റർനാഷണൽ, എസ്‌ജിഐവിഎസ് ഗ്ലോബൽ എന്നിവയ്ക്ക് പകരമായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ തിരഞ്ഞെടുത്തു. 

അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിങ് ഏജൻസിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ , എസ്‌ജിഐവിഎസ് ഗ്ലോബൽ എന്നിവയ്ക്ക് പകരമായി പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ പുതിയ ഏജൻസിയായി തിരഞ്ഞെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 30 വരെ പഴയപടി ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ചുമതല അൽഹിന്ദിന് കൈമാറിയത്. 2026 ജൂലൈ 1 മുതൽ ഈ പുതിയ മാറ്റം നിലവിൽ വരും. ജൂൺ 30 വരെ നിലവിലുള്ള ബിഎൽഎസ് ഇന്റർനാഷണൽ, എസ്‌ജിഐവിഎസ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴി തന്നെ അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ 1 മുതലോ അതിനു ശേഷമോ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്‍റെ കീഴിലുള്ള പുതിയ കേന്ദ്രങ്ങൾ വഴിയായിരിക്കും കൈകാര്യം ചെയ്യുക.

എല്ലാ എമിറേറ്റുകളിലുമായി 16 പുതിയ കേന്ദ്രങ്ങൾ യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി അൽഹിന്ദ് ആകെ 16 പുതിയ കോൺസുലർ സേവന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ മിഷനുകളുമായി അൽഹിന്ദ് ഔദ്യോഗിക കരാർ ഒപ്പിട്ടുകഴിഞ്ഞു.

പുതിയ കേന്ദ്രങ്ങൾ

അബുദാബി (6 കേന്ദ്രങ്ങൾ): അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ.

ദുബായ് (2 കേന്ദ്രങ്ങൾ): ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP).

ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്, റോള.

മറ്റ് കേന്ദ്രങ്ങൾ: അജ്മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ (കോർണിഷ്), കൽബ, റാസൽഖൈമ.

പുതിയ സേവന കേന്ദ്രങ്ങളുടെ കൃത്യമായ വിലാസം, പ്രവർത്തിക്കുന്ന സമയം, അപ്പോയിന്റ്മെന്റ് എടുക്കേണ്ട രീതികൾ, സർവീസ് ചാർജുകൾ, ബന്ധപ്പെടേണ്ട നമ്പറുകൾ എന്നിവ പിന്നീട് ഔദ്യോഗിക ചാനലുകൾ വഴി പ്രത്യേകം അറിയിക്കുമെന്ന് എംബസി വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ കാര്യക്ഷമവും തടസ്സമില്ലാത്തതുമായ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാനാണ് ഈ പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യാജ വാർത്തകളിൽ വീഴരുതെന്നും, മാറ്റങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്ക് അബുദാബി ഇന്ത്യൻ എംബസിയുടെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും വെബ്‌സൈറ്റുകളും വെരിഫൈഡ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രം ആശ്രയിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.