സൗദി അറേബ്യയിൽ സൽമാൻ രാജാവ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും സുപ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് പുതിയ നിയമനങ്ങൾ നടത്തുകയും ചെയ്തു. നിലവിലെ മന്ത്രിസഭ തുടരുമെങ്കിലും ലോക്കൽ കണ്ടൻറ് അതോറിറ്റി, കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി എന്നിവയ്ക്ക് പുതിയ ചെയർമാൻമാരെ നിയമിച്ചു. ഭരണമികവ് വർധിപ്പിക്കുകയാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം.

റിയാദ്: സൗദി അറേബ്യയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചും പ്രമുഖ സ്ഥാപനങ്ങളുടെ തലപ്പത്ത് നിർണായക മാറ്റങ്ങൾ വരുത്തിയും സൽമാൻ രാജാവ് പുതിയ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. വ്യാഴാഴ്ച പുറപ്പെടുവിച്ച മൂന്ന് സുപ്രധാന ഉത്തരവുകളിലൂടെയാണ് മന്ത്രിസഭാ പുനഃസംഘടനയ്ക്കും സ്ഥാപന തലപ്പത്തെ പുതിയ നിയമനങ്ങൾക്കും അംഗീകാരം നൽകിയത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്‍റെ അധ്യക്ഷതയിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതാണ് ഒന്നാമത്തെ ഉത്തരവ്. നിലവിലെ മന്ത്രിസഭാംഗങ്ങളെല്ലാം അതത് പദവികളിൽ തുടരും. മന്ത്രിസഭയുടെ കാലാവധി പരമാവധി നാല് വർഷമാണെന്നും ഈ കാലയളവിന് ശേഷം രാജകീയ ഉത്തരവിലൂടെ പുനഃസംഘടിപ്പിക്കണമെന്നുമുള്ള മന്ത്രിസഭാ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരമാണ് തീരുമാനം. രണ്ടാമത്തെ ഉത്തരവിലൂടെ ലോക്കൽ കണ്ടൻറ് ആൻഡ് ഗവൺമെൻറ് പ്രൊക്യുർമെൻറ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ബന്ദർ അൽ ഖുറൈഫിനെ ഒഴിവാക്കി. പകരം അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെ പുതിയ അധ്യക്ഷനായി നിയമിച്ചു.

മൂന്നാമത്തെ ഉത്തരവിലൂടെ കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് മുഹമ്മദ് അൽ ഖുവൈസിനെ നീക്കി. പകരം മാസിൻ അൽ സുദൈരിയെ മന്ത്രി പദവിയോടെ പുതിയ അധ്യക്ഷനായി ചുമതലപ്പെടുത്തി. ഭരണനിർവഹണ മികവ് വർധിപ്പിക്കുക, സാമ്പത്തിക-റെഗുലേറ്ററി മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുക, സ്ഥാപനപരമായ പരിഷ്കരണങ്ങൾക്കും വികസന ലക്ഷ്യങ്ങൾക്കും കരുത്തുപകരുക എന്നീ ലക്ഷ്യങ്ങളോടെ ഉത്തരവുകൾ ഉടനടി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.