റിയാദ്: സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന പാലക്കാട് കാരാകുറിശ്ശി സ്വദേശി മധു (30) ആണ് ജോലി അപകടത്തെ തുടര്‍ന്ന് ദാരുണമായി മരിച്ചത്. അഞ്ച് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.

റിയാദിലെ ഒരു കാര്‍ ഷോറൂമില്‍ ലിഫ്റ്റ് റിപ്പയര്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം. ലിഫ്റ്റ് സര്‍വീസിങ് കരാര്‍ ഏറ്റെടുത്ത  സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മധു ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കാര്‍ ഷോറൂമില്‍ എത്തിയത്. ജോലി കഴിഞ്ഞ് തിരികെ സ്ഥാപനത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പിറ്റേ ദിവസം രാവിലെ ലിഫ്റ്റ് സര്‍വീസിങ് കമ്പനി ജീവനക്കാര്‍ അന്വേഷിച്ചെത്തുകയായിരുന്നു. കാര്‍ ഷോറൂം ജീവനക്കാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ലിഫ്റ്റിന്റെ വെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മധുവിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.