Asianet News MalayalamAsianet News Malayalam

പ്രവാചകനെതിരെ സോഷ്യൽ മീഡിയയില്‍ മോശം പരാമര്‍ശം; മലയാളി യുവാവിന്‍റെ ശിക്ഷ ഇരട്ടിയാക്കി

രാജ്യത്തിനും പ്രാവാചകനുമെതിരെ അപകീർത്തിപരമായി ഒരു വനിതയുമായി ട്വിറ്ററിൽ നടത്തിയ ആശയ വിനിമയത്തെത്തുടർന്നാണ് ദമ്മാമിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

malayalee youth got 10 year imprisonment in saudi arabia for  Social media misuse
Author
Saudi Arabia, First Published Jan 24, 2019, 12:13 AM IST

റിയാദ്: സൗദിയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത സംഭവത്തിൽ മലയാളി യുവാവിന്റെ ജയിൽ ശിക്ഷ ഇരട്ടിയാക്കി. അഞ്ച് വർഷത്തെ തടവുശിക്ഷയാണ് അപ്പീൽ കോടതി പത്ത് വർഷമായി ഉയർത്തിയത്. സൗദിയിലെ നിയമ വ്യവസ്ഥക്ക് എതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമർശം നടത്തിയെന്നായിരുന്നു കേസ്.

ആലപ്പുഴ സ്വദേശി വിഷ്‌ണു ദേവിനെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിനു കഴിഞ്ഞ വർഷം ദമ്മാം ക്രിമിനൽ കോടതി ശിക്ഷിച്ചത്. രാജ്യത്തിനും പ്രാവാചകനുമെതിരെ അപകീർത്തിപരമായി ഒരു വനിതയുമായി ട്വിറ്ററിൽ നടത്തിയ ആശയ വിനിമയത്തെത്തുടർന്നാണ് ദമ്മാമിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് അഞ്ചു വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയുമാണ് വിഷ്‌ണുവിന് കഴിഞ്ഞ വർഷം കോടതി വിധിച്ചത്. എന്നാൽ ശിക്ഷ പുനഃപരിശോധിക്കാൻ അപ്പീൽ കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ പത്തു വർഷമായി ദമ്മാം ക്രിമിനൽ കോടതി വർദ്ധിപ്പിച്ചത്. രാജ്യത്തെ മതപരവും ധാർമികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതും നിർമ്മിക്കുന്നതും കുറ്റകരമാണ്.ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കിയ ശേഷം ഒരു ഇന്ത്യക്കാരൻ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസായിരുന്നു വിഷ്ണു ദേവിന്റേത്.

Follow Us:
Download App:
  • android
  • ios