സൗദിയിലെ 30 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസക്ക് നേട്ടം.
റിയാദ്: ബാഡ്മിൻറണ്‍ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. തുടര്‍ച്ചയായ മൂന്ന് സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ സൗദി കിങ്ഡം മിക്സഡ് ചാമ്പ്യന്‍ഷിപ്പ് 2025 സീനിയർ വിഭാഗത്തില്‍ മിക്സഡ് ഡബിള്‍സ് സ്വര്‍ണം നേടി വീണ്ടും പ്രതിഭ തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ. സൗദിയിലെ 30 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. റിയാദ് മലസ് ഇൻഡോർ സ്‌റ്റേഡയത്തില്‍ നടന്ന ടൂര്‍ണമെൻറില്‍ സവാരി ക്ലബിനുവേണ്ടി കളിച്ച ഖദീജ നിസ-അബ്ദുല്ല ഹാര്‍തി മിക്സഡ് ഡബിൾസ് ടീം, അല്‍ ഹിലാല്‍ ക്ലബിലെ ഷാമില്‍ മാട്ടുമ്മല്‍-സീമ അൽഹർബി ടീമിനെയാണ് മുട്ടുകുത്തിച്ചത്.
റിയാദില്‍ ഐ.ടി എൻജിനീയറായ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ്-ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിൽ പ്ലസ് ടൂ പഠനം പൂർത്തിയാക്കി കോഴിക്കോട് ദേവഗിരി കോളജില്‍ സ്‌പോര്‍ട്‌സ് മാനേജ്മെൻറ് ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സൗദി താരങ്ങള്‍ക്ക് പുറമെ ഫിലിപ്പീന്‍സ്, പാക്കിസ്താന്‍, ഇന്തോനേഷ്യന്‍, ഇന്ത്യൻ താരങ്ങളുമായി മാറ്റുരച്ച് 2022-ലും 23-ലും 24-ലും സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ദേശീയ ഗെയിംസില്‍ വനിതാ സിംഗിള്‍സ് മത്സരത്തില്‍ അണ്ടര്‍ 19, സീനിയര്‍ തുടങ്ങിയ പ്രത്യേക കാറ്റഗറികളില്ലാത്തതിനാൽ 30 വയസും പരിചയസമ്പത്തുളള താരങ്ങളുമായി മറ്റുരച്ചാണ് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയത്. എട്ട് വയസ് മുതല്‍ പിതാവ് അബ്ദുല്ലത്തീഫിനൊപ്പം റിയാദിലെ മലയാളികളുടെ ബാഡ്മിൻറണ്‍ ക്ലബായ സിന്‍മാര്‍ അക്കാദമിയിലാണ് ഖദീജ നിസ കളി തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ ദേശീയ കായിക മേളയില്‍ റിയാദ് മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച ഖദീജ നിസ ബാഡ്മിൻറണില്‍ സ്വര്‍ണം നേടിയിരുന്നു. ജി.സി.സി രാജ്യങ്ങളിലെയും ഇന്ത്യയിലെയും സി.ബി.എസ്.ഇ ക്ലസ്റ്റര്‍ മീറ്റുകളില്‍ വിജയിച്ച താരങ്ങളാണ് രാജസ്ഥാനിലെ ജെയ്പൂര്‍ ജുന്‍ജുന്‍ അക്കാദമിയില്‍ നടന്ന ബാഡ്മിൻറണ്‍ മത്സരത്തില്‍ മാറ്റുരച്ചത്. സൗദിയിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ബാഡ്മിൻറണില്‍ സ്വര്‍ണം നേടുന്നത്. സൗദിയില്‍ ജനിച്ച വിദേശികള്‍ക്ക് സൗദിയിലെ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ സ്വദേശികളോടൊപ്പം മത്സരിക്കാന്‍ അനുമതി ലഭിച്ചതാണ് ഖദീജ നിസക്ക് തുണയായത്. സൗദി വുമണ്‍ ചാമ്പ്യന്‍ഷിപ്പിലും ദേശീയ ഗെയിംസിലും ചാമ്പ്യനായതോടെയാണ് കഴിഞ്ഞ വര്‍ഷം സൗദി ദേശീയ ബാഡ്മിൻറണ്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്.
2023-ലും 2024-ലും രാജ്യാന്തര തലത്തില്‍ അരങ്ങേറിയ എട്ട് ടൂര്‍ണമെൻറുകളില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലായി ഖദീജ നിസ 19 മെഡലുകള്‍ നേടിയത് സൗദി അറേബ്യയുടെ ബാഡ്മിൻറണ്‍ ചരിത്രത്തില്‍ ആദ്യമാണ്. വേള്‍ഡ് ബാഡ്മിൻറണ്‍ ഫെഡറേഷൻ റാങ്കിങ്ങില്‍ ഖദീജ നിസ 221-ാം സ്ഥാനത്താണ്. അണ്ടർ 19 വിഭാഗത്തിൽ ലോക റാങ്കിങ് 38 ഉം മിക്സഡ് റാങ്കിങ് 107 ഉം ആയിരുന്നു.


