ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘമാണ് റിയാദിലെത്തുന്നത്.
റിയാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ഈ മാസം 27-ന് സൗദി അറേബ്യയിലെത്തും. അടുത്ത ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം റിയാദിലെത്തുന്നത്.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധനും മുൻ വിദേശകാര്യ സെക്രട്ടറിയുമായ ഹർഷ വർദ്ധൻ ശൃംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ഈ മാസം 23-ന് ബഹ്‌റൈനിലാണ് സംഘം ആദ്യെമത്തുന്നത്.

25-ന് കുവൈത്തിലേക്ക് പോകും. അവിടെ നിന്നാണ് 27-ന് രാത്രി സൗദിയിലെത്തുന്നത്. 30-ന് സംഘം അൾജീരിയയിലേക്ക് പോകും. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഇന്ത്യൻ നിലപാട് വിശദീകരിക്കലാണ് ദൗത്യം. റിയാദിൽ 28, 29 തീയതികളിൽ സൗദിയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ചകൾ നടത്തും. ഇത് പൂർത്തീകരിച്ച് പിറ്റേന്ന് അൽജീരിയയിലേക്ക് പുറപ്പെടും.


