ഖത്തറിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനാണ്. കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോർസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു.
ദോഹ: ഖത്തറിലെ ആദ്യകാല മലയാളി വ്യാപാര പ്രമുഖനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ തൃശൂർ തൊഴിയൂർ മത്രംകോട്ട് പി.പി.ഹൈദർ ഹാജി (90) (ഹൈസൺ ഹൈദര്‍ ഹാജി) ദോഹയിൽ അന്തരിച്ചു. ഖബറട്ടം ഖത്തറില്‍ നടത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അഞ്ച് പതിറ്റാണ്ടോളം ഖത്തറില്‍ താമസിച്ച അദ്ദേഹം 1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ ആദ്യകാല ഇന്ത്യൻ പ്രവാസികളിൽ ഒരാളാണ്. ഖത്തറിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനാണ്. 1978ൽ ആണ് അദ്ദേഹം ഫാമിലി ഫുഡ് സെന്റർ സ്ഥാപിക്കുന്നത്. കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോർസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഹൈദർ ഹാജി ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്കൂളായ എം.ഇ.എസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. നാട്ടിലും വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ദയാപുരം അൽ ഇസ് ലാം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ തുടക്കക്കാരിൽ ഒരാളും ചെയർമാനുമായിരുന്നു. ഐഡിയൽ എജുക്കേഷൻ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനായും സേവനമനുഷ്ഠിച്ചു.
ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികളെ പിന്തുണക്കുന്നതിനായി രൂപവത്കരിച്ച ഇന്ത്യൻ എംബസി അപക്സ് സംഘടനകളായ ഐ.സി.സി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നിവയുടെ സ്ഥാപകാംഗമാണ്. ഖത്തർ ഇൻകാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഖത്തർ എം.ഇ.എസ് പ്രസിഡന്റായും പ്രവർത്തിച്ചു.
ഭാര്യ: പരേതയായ ജമീല. മക്കൾ: ഫൈസൽ, ജമാൽ, അൻവർ, ആഷിഖ് (നാലുപേരും ഫാമിലി ഫുഡ് സെന്റർ, ഖത്തർ), നസീമ. മരുമക്കൾ: അഷ്റഫ് ഷറഫുദ്ദീൻ (ന്യു ഇന്ത്യൻ സൂപ്പർ മാർക്കറ്റ്, ഖത്തർ), ഷക്കീല, റജീന, റജി, റൈസ ഖദീജ.
