പിക്കപ്പ് വാഹനം യുടേണ്‍ തിരിയുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്‍ച രാവിലെയായിരുന്നു സംഭവം. 

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. റാസല്‍ഖൈമ കെഎംസിസി തൃശൂര്‍ ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗവും ഏങ്ങണ്ടിയൂര്‍ ഗ്ലോബല്‍ കെഎംസിസി സജീവ പ്രവര്‍ത്തകനുമായ പണിക്കവീട്ടില്‍ കുറുപ്പത്ത് ചിന്നക്കല്‍ മൂസ (58) ആണ് മരിച്ചത്.

മൂസ ഓടിച്ചിരുന്ന പിക്കപ്പ് വാഹനം യുടേണ്‍ തിരിയുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്‍ച രാവിലെയായിരുന്നു സംഭവം. ഉടന്‍ തന്നെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പരേതരായ അബ്‍ദുല്‍ ഖാദറിന്റെയും ആമിനക്കുട്ടിയുടെയും മകനാണ്. ഭാര്യ - സുലൈഖ. മക്കള്‍ - സംറൂത്, സുല്‍ത്താന. മരുമകന്‍ - ഫായിസ്. മൂസയുടെ നിര്യാണത്തില്‍ ഏങ്ങണ്ടിയൂര്‍ ഗ്ലോബല്‍ കെ.എം.സി.സി നേതാക്കള്‍ അനുശോചിച്ചു.