ഒമാനിലെ വാദികബീർ അബാബീൽ ട്രേഡിങ്ങ് എൽ എൽ സി പാർട്ണർ പത്തനംതിട്ട സ്വദേശി ഷാജി (സിബി) തോമസാണ്  മരണപ്പെട്ടത്

മസ്‌കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിലെ വാദികബീർ അബാബീൽ ട്രേഡിങ്ങ് എൽ എൽ സി പാർട്ണർ പത്തനംതിട്ട സ്വദേശി ഷാജി (സിബി) തോമസാണ് മരണപ്പെട്ടത്. റാന്നി ഈട്ടിചുവട് പാലനിൽക്കുന്നതിൽ പരേതനായ പി വി തോമസിന്‍റെ (റിട്ടയേർഡ് അധ്യാപകൻ എസ് സി എച്ച് എസ്സ് - റാന്നി) മകനാണ് ഷാജി പീ തോമസ് (57). ഭാര്യ: ഷേർലി തോമസ്, മക്കൾ: സ്നേഹ മറിയം തോമസ്, ശ്രുതി എലിസബത്ത് തോമസ്. സംസ്കാരം പിന്നീട് റാന്നി നസ്രേത്ത് മാർത്തോമാ പള്ളി സെമിത്തേരിയിൽ നടത്തും.

സൗദിയിലെ ജിസാൻ വാഹനാപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലയച്ചു

അതിനിടെ സൗദിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാൻ ഇക്കണോമിക് സിറ്റിയിൽ കഴിഞ്ഞ മാസം 27 ന് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള (31) ഉൾപ്പടെയുള്ള ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ജിസാൻ കിങ് അബ്ദുല്ല അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്‌ച ഇന്ത്യയിലേക്ക് അയച്ചു എന്നതാണ്. വിഷ്‌ണു പ്രസാദ് പിള്ളയുടെ മൃതദേഹം ജിസാനിൽ നിന്ന് ദമ്മാം വഴി എയർ ഇന്ത്യ വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് അയച്ചത്. ദിനകർ ഭായ് ഹരി ഭായ് (ഗുജറാത്ത്), താരിഖ് ആലം (ബീഹാർ), മുസഫർ ഹുസൈൻഖാൻ ഇമ്രാൻ ഖാൻ (ഗുജറാത്ത്), പുഷ്‌കർ സിങ് ധാമി (ഝാർഖണ്ഡ്), മഹേഷ് ചന്ദ്ര (ഝാർഖണ്ഡ്), മുഹമ്മദ് മുഹത്താഷിം റാസിൻ (ബീഹാർ), രമേശ് കപെല്ലി (തെലങ്കാന), സക്‌ലൈൻ ഹൈദർ (ബീഹാർ) എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച്ച ജിസാനിൽനിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് അയച്ചു. ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിലായിരുന്നു മൃതദേഹങ്ങൾ. എംബാം ചെയ്യുന്നതിനായി അബൂഅരീഷ് കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു. നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ എ.സി.ഐ.സി സർവിസ് കമ്പനി അധികൃതരെ നിരന്തരം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ബന്ധപ്പെടുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. കോൺസുലേറ്റ് സാമൂഹിക സമിതി അംഗങ്ങളായ താഹ കൊല്ലേത്ത്, ഷംസു പൂക്കോട്ടൂർ എന്നിവർ ജിസാനിൽ ആവശ്യമായ സഹായങ്ങളും ചെയ്‌തു. കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുടെ നിർദേശപ്രകാരം വൈസ് കോൺസൽ സെയിദ്‌ ഖുദറത്തുല്ല സംഭവമുണ്ടായി ഉടന ജിസാനിൽ എത്തുകയും പരിക്കേറ്റവരെ സന്ദർശികകുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം