റിയാദ്: തായിഫ് ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയിൽ സൈദാലി അബൂബക്കർ (50) ആണ് ബുധനാഴ്ച വൈകുന്നേരം തായിഫ് ജനറൽ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് തായിഫ് - റിയാദ് അതിവേഗ പാതയില്‍ അല്‍മോയക്ക് സമീപം മലയാളികൾ ഉൾപെടെ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് പിറകിൽ ട്രെയിലർ ഇടിച്ചായിരുന്നു അപകടം.

വിശ്രമത്തിന് നിർത്തിയ ബസിന് പിറകിലാണ് ട്രെയിലർ ഇടിച്ചത്. പത്തിലധികം മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ട്രെയിലർ ഡ്രൈവറായ പാക് പൗരന്‍ അപകടത്തിൽ മരിച്ചിരുന്നു. ദമ്മാമിൽ നിന്ന് മദീനയിൽ എത്തിയ ശേഷം മക്കയിൽ വന്ന് ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്നു സൈദാലി. ഭാര്യ: നസീമ ബീവി. മക്കൾ: ഹിസാന, നൈമ, ഫാത്തിമ. പിതാവ്: സെയിദാലി. മതാവ്‌: മറിയം.