മസ്‍കത്ത്: ഒമാനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബലിപെരുന്നാള്‍ അവധി ആഘോഷിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ജോണി ജോണ്‍ (25) ഖുറിയാത്തിനടുത്തുള്ള വാദി അര്‍ബഈനില്‍ വെച്ച് അപകടത്തില്‍പെട്ടത്.

ഒരു വര്‍ഷമായി മസ്‍കത്തിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ജോണി. ജലാശയത്തില്‍ കുളിക്കുന്നതിനിടെ സുഹൃത്തിക്കളില്‍ നിന്ന് അല്‍പം അകലേക്ക് പോയ അദ്ദേഹം പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളികേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തി. വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.