സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു. ലഘുഭക്ഷണ ശാലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തെത്തിയ ആംബുലൻസ് സംഘം പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ അൽ ഖോബാറിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി പ്രവാസി അന്തരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് കുഞ്ഞ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
തുഖ്‌ബയിൽ സുഹൃത്തുമായി ചേർന്ന് ദീർഘകാലമായി നടത്തി വന്നിരുന്ന ‘ബൂഫിയത്ത് ഫാത്തിമ’ എന്ന ലഘുഭക്ഷണ ശാലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ ആംബുലൻസ് സംഘം പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 25 വർഷമായി പ്രവാസലോകത്തുള്ള മുഹമ്മദ് കുഞ്ഞ്, സൗദിയിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തിനിടയിൽ വലിയ സുഹൃദ്ബന്ധത്തിന് ഉടമയായിരുന്നു. പരേതരായ അലികുഞ്ഞിന്റെയും ജമീലബീവിയുടെയും മകനാണ്. സലീനയാണ് ഭാര്യ. മുഹ്സിന, ഷഹാന എന്നിവർ മക്കളാണ്. മൃതദേഹം ദമ്മാം ദോസ്സരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.


