ഏതാനും നാൾ മുമ്പ് സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചേറ്റൂര്‍, സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ അൽറസ് പിന്നിട്ട് മദീന റോഡിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. 

റിയാദ്: കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കുകയായിരുന്ന മലയാളി സൗദി അറേബ്യയില്‍ കാറിടിച്ച് മരിച്ചു. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസ് (47) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ അൽറസ്സിൽ ജോലി ചെയ്യുന്ന അബ്ദുൽ അസീസ് അവിടെനിന്ന് 20 കിലോമീറ്റർ അകലെ റിയാദ് അൽഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. 

ഏതാനും നാൾ മുമ്പ് സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചേറ്റൂര്‍, സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ അൽറസ് പിന്നിട്ട് മദീന റോഡിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. ഓരോ പ്രദേശത്ത് നിന്നും ആളുകൾ ആകൃഷ്ടരായി ശിഹാബിനോടൊപ്പം നടക്കാൻ കൂടുന്നുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ഒപ്പം നടന്നുതുടങ്ങിയതാണ് അബ്ദുൽ അസീസ്. എക്സ്പ്രസ് ഹൈവേയുടെ ഓരത്ത് കൂടി നടന്നുപോകുമ്പോള്‍ പിന്നിൽ നിന്ന് അതിവേഗതയിലെത്തിയ കാറിടിച്ചായിരുന്നു അപകടം. തൽക്ഷണം മരണം സംഭവിച്ചു. ഭാര്യ - ഹഫ്സത്ത്. മക്കൾ - താജുദ്ദീൻ, മാജിദ്, ശംസിയ. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും അൽറസ്സ് ഏരിയ കമ്മിറ്റിയും രംഗത്തുണ്ട്.

Read also: പ്രവാസി വീട്ടമ്മ നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്