താമസ സ്ഥലത്ത് രാത്രി ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ (Oman) ഹൃദയാഘാതം മൂലം (Cardiac arrest) മരണപ്പെട്ടു. കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ്‌ (39) ആണ് സലാലയില്‍ (Salalah) മരിച്ചത്. താമസ സ്ഥലത്ത് രാത്രി ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ആറ് വര്‍ഷമായി സനായിയയില്‍ ഗള്‍ഫ് ടീ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. നേരത്തെ സൗദി അറേബ്യയിലും ബഹ്റൈനിലും അദ്ദേഹം ജോലി ചെയ്‍തിരുന്നു. മാതാപിതാക്കള്‍ അടുത്തിടെ മരണപ്പെട്ടിരുന്നു. ഭാര്യ - റഹീസ ചിരമ്പത്ത്. മക്കള്‍ - റീം സുല്‍ത്താന, സിയ മിര്‍സ. നാല് സഹോദരിമാരുണ്ട്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ദമ്മാമിലെ (Dammam) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കായംകുളം മുതുകുളം സ്വദേശി വാലുപറമ്പിൽ വാസുദേവന്‍റെ മൃതദേഹമാണ് ബുധനാഴ്ച നാട്ടിലെത്തിച്ചത്. ദമ്മാമിലെ ഒരു കമ്പനിയിൽ ഫാബ്രിക്കേറ്ററായിരുന്ന വാസുദേവൻ പിള്ളയെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 10 വർഷമായി ഇദ്ദേഹം പ്രവാസിയാണ്. ഹൃദയാഘാതമാണ് മരണകാരണമായി കണ്ടെത്തിയത്. സുമയാണ് ഭാര്യ. ആദിത്യൻ, അശ്വതി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകൻ നാസ് വക്കം നേതൃത്വം നൽകി.

ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു
ദോഹ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഖത്തറില്‍ (Qatar) നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് കറുകടപ്പാടത്ത് ഇത്തിക്കണ്ണന്‍ ചാലില്‍ നാസര്‍ (50) ആണ് മരിച്ചത്. അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു അദ്ദേഹം. 30 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയാണ്.

രാവിലെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ - ഷിജി നാസര്‍. മകന്‍ - മുഹമ്മദ് ഇര്‍ഫാന്‍. തൃശൂര്‍ ജില്ലാ സൗഹൃദ വേദി കൈപ്പമംഗലം ഏരിയ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി തൃശൂര്‍ ജില്ലാ സൗഹൃദ വേദി പ്രവര്‍ത്തകര്‍ അറിയിച്ചു. സഹോദരന്‍ ജലീല്‍ ഖത്തറിലുണ്ട്.

എയർപ്പോർട്ടിൽ കുഴഞ്ഞുവീണു മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: നാട്ടിലേക്കുള്ള യാത്രയ്‍ക്കിടെ ദമ്മാമിലെ എയർപ്പോർട്ടിൽ (Dammam International Airport) കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഫെബ്രുവരി നാലിന് അവധിക്ക് നാട്ടിൽ പോകാൻ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീണു മരിച്ച തൃശുർ പൂങ്കുന്നം നെല്ലിപ്പറമ്പിൽ ഗിരീഷിന്‍റെ മൃതദേഹമാണ് ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്കരിച്ചത്. 

15 വർഷത്തിലേറെയായി പ്രവാസിയായ ഗിരീഷ് ഖത്വീഫിലെ സേഫ്റ്റി എക്യുപ്മെൻറ് കമ്പനിയിൽ ബിസ്നസ് ഡവലപ്മെൻറ് മാനേജരായിരുന്നു. ഒന്നര വർഷത്തിന് ശേഷം 90 ദിവസത്തെ അവധിക്കായി നാട്ടിലേക്കുള്ള യാത്രയിലാണ് ഗിരീഷിനെ മരണം തട്ടിയെടുത്തത്. ദമ്മാം എയർപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലൈ ദുബൈ വിമാനത്തിന് സമീപമെത്തിയ ഗിരീഷ് പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 

അവിടെ നിന്ന് ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം കൂടാതെ നാട്ടിലെത്തിച്ച് തരണമെന്ന് കുടുംബം അഭ്യർഥിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിന് പകരമുള്ള ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കി അനുമതി ലഭിക്കാൻ കാത്തിരുന്നത് കൊണ്ടാണ് 25 ദിവസത്തോളം വൈകിയത്. 

തങ്ങളുടെ യാത്രക്കാരനായ ഗിരിഷിന്റെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് തയാറാണെന്ന് ഫ്ലൈ ദുബൈ അറിയിച്ചിരുന്നു. എന്നാൽ അതിന്‍റെ അനുമതിക്കായി ഇനിയും കാലതാമസം വരുമെന്നതിനാൽ കമ്പനി തന്നെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുകയായിരുന്നു. സതീദേവിയാണ് ഗിരീഷിന്‍റെ ഭാര്യ. ഗൗതം കൃഷ്ണ, വിഷ്ണുപ്രിയ എന്നിവർ മക്കളാണ്.