ഓണം ആഘോഷിക്കാൻ ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി യാത്രാമധ്യേ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസത്തെ അവധിക്ക് കുടുംബത്തോടൊപ്പം ചേരാനിരുന്ന സനീഷിന്റെ വിയോഗം നാടിനെയും വീടിനെയും ദുഃഖത്തിലാഴ്ത്തി.
ദുബായ്: ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ദുബായിൽ ബിൽഡിംഗ് ആക്സസ് സൊല്യൂഷൻസ് കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്ന സനീഷ് ബാബു (48) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ദുബായിൽ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിൽ യാത്ര ചെയ്യവേയാണ് ദാരുണ സംഭവം. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇമിഗ്രേഷൻ നടപടികൾക്കായി കാത്തുനിൽക്കുന്നതിനിടെ സനീഷ് പെട്ടെന്ന് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
കുടുംബത്തിന് പെട്ടെന്ന് ഹൈദരാബാദിലേക്ക് എത്താൻ സാധിക്കാത്തതിനെ തുടർന്ന് എയർലൈൻ അധികൃതരും രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പൊലീസും ചേർന്നാണ് ഭൗതികശരീരം കൊച്ചിയിലെത്തിക്കാൻ സഹായമൊരുക്കിയത്. കൊച്ചിയിലേക്കുള്ള അടുത്ത വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു.
പത്ത് വർഷമായി ദുബായിൽ പ്രവാസിയായ സനീഷ്, കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഒരു മാസത്തെ അവധിക്കാണ് നാട്ടിലേക്ക് പുറപ്പെട്ടത്. സന്തോഷത്തോടെ കാത്തിരുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് സനീഷിന്റെ ജീവനറ്റ ശരീരമാണ് എത്തിയത്. ആഘോഷങ്ങൾ നിറഞ്ഞുനിൽക്കേണ്ട വീട്ടിലേക്ക് പെട്ടെന്നെത്തിയ ദുരന്തവാർത്ത സനീഷിന്റെ മാതാപിതാക്കളെയും ഭാര്യയെയും മകളെയും തീരാദുഃഖത്തിലാഴ്ത്തി.


