ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ 30 വർഷമായി പ്രവാസിയായ മുഹമ്മദ് റഫീഖ് ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പെരുവള്ളൂർ പറമ്പിൽ പീടിക കോടശ്ശേരി പൊറ്റ മഹല്ല് സ്വദേശി ചൊക്ലി മുഹമ്മദ് റഫീഖ് (51) ആണ് മരിച്ചത്. ജിദ്ദ ഷറഫിയ അബീർ ക്ലിനിക്കിന് സമീപത്തെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്നു. ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനടി തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 30 വർഷമായി പ്രവാസിയായ മുഹമ്മദ് റഫീഖ് ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. മുൻ പ്രവാസി സൈതലവി ചൊക്ലിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ആമിന. മക്കൾ: റഫ്‌ന, റിഹാന, റിഫാന, റന. സഹോദരങ്ങൾ: ജുനൈദ്, ഹനീഫ (ബുറൈദ), നുസ്രത്. മരുമകൻ: ഹർഷാദ്.
നിലവിൽ ഈസ്റ്റ് ജിദ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫെയർ വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്.


