ഷാർജയിലെ അൽ ഖാസിമിയയിൽ തൃശൂർ സ്വദേശിനിയായ യുവ ദന്ത ഡോക്ടർ അഫീന റഹീം കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.

ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി ഡോ. അഫീന റഹീം ആണ് മരിച്ചത്. ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം. രണ്ടു ചെറിയ കുട്ടികളുടെ അമ്മയായ അഫീന, മക്കളെ പരിപാലിക്കുന്നതിനായി ജോലിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു.

അധ്യാപകനായ ഭർത്താവ് യാസർ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഭർതൃസഹോദരി റംഷീന, അഫീനയുടെ ചെറിയ കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് അടുക്കളയിൽ കുഴഞ്ഞുവീണ് കിടക്കുന്ന അഫീനയെ കണ്ടത്. മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.

അഫീനയെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ ഭർതൃസഹോദരി സിപിആർ നൽകുകയും ആംബുലൻസ് വിളിച്ചു വരുത്തുകയും ചെയ്തു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഫീനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് യാസർ വ്യക്തമാക്കി. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നിയമനടപടികളും മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളും പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കൾ.